2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഭൂമിയുടെ അവകാശികള്‍

     എന്‍റെ വീട്ടില്‍ ഒരു എലിക്കെണിയുണ്ട്. കെണിയില്‍ കുടുങ്ങിയ എലിയെ ചാക്കിലാക്കി നിലത്തടിച്ച് കൊല്ലും. കൊതുകിനെ കൊല്ലുന്ന ബാറ്റ് ഉമ്മയുടെ ആയുധമാണ്. വൈകുന്നേരമായിക്കഴിഞ്ഞാല്‍ ഉമ്മയുടെ കയ്യില്‍ ഖുര്‍ആന്‍ മാത്രമല്ല, കൊതുകിനെ കൊല്ലുന്ന ബാറ്റുമുണ്ടാകും. വിറക് പുരയുടെ ഉള്ളിലെവിടെയോ ആണ് ചിതലിനെ തുരത്തുന്ന ചായിപ്പൊടിയുള്ളത്. പിന്നെ കുളക്കോഴിയെ പിടിക്കുന്ന കെണി, പൂന്പാറ്റപ്പുഴുവിനെ കൊല്ലാന് മണ്ണെണ്ണ, കാക്കയെ ഓടിക്കാന് കവണ... എനിക്കുറപ്പുണ്ട്,
ഭൂമി എന്റേത് അഥവാ മനുഷ്യന്റേത് തന്നെയാണ്.

     മനുഷ്യരെല്ലാം എന്നെപ്പോലെത്തന്നെയാണെന്ന് തോന്നുന്നു. ഭൂമി അവരുടേത് മാത്രമാണെന്ന് അവര് കരുതുന്നു. അവന് വേണ്ടി ഭൂമിയെ അവന് നിരപ്പാക്കുന്നു. അതിലുള്ളവയെ കൊല്ലുന്നു. വേട്ടചെയ്യാനായി വളര്ത്തുന്നു.
അവന്റെ കണ്ണിന് ആനന്ദം കിട്ടാന് അവന് എന്തിനേയും കൂട്ടിലിടുന്നു. അഗ്നി വളയത്തിലൂടെ ചാടിക്കുന്നു. പത്തിവിടര്ത്തി ആടിക്കുന്നു. കാരണം, എല്ലാം അവന് വേണ്ടിയുള്ളതാണ്.

     പക്ഷെ, ഭൂമി എന്ന് മനുഷ്യരുടേതുമല്ല. അവരില് ഒരു വിഭാഗത്തിന്റേത് മാത്രമാണ്. ഖനനം, അണക്കെട്ട്, വന്യജീവി സംരക്ഷണം, വ്യവസായ വത്കരണം, വിനോദ സഞ്ചാരം, നഗര സൌന്ദര്യ വത്കരണം തുടങ്ങിയവയുടെ പേരില് ഒരു വിഭാഗം ആളുകളെ അവരുടെ ജീവിത സാഹചര്യത്തില് നിന്നും, മറ്റൊരു വിഭാഗം ആളുകള് പുറത്താക്കിക്കൊണ്ടിരിക്കുന്നു. ആദ്യം സകല ജീവജാലങ്ങളില് നിന്നും പിടിച്ചിടുത്ത് മനുഷ്യന്റേത് മാത്രമാക്കിയ ഭൂമി ഇപ്പോള് മനുഷ്യരില് ഒരു വിഭാഗത്തിന്റേത് മാത്രമായിക്കൊണ്ടിരിക്കുന്നു.

     അപ്പോള് വെറുതെ ആ ചോദ്യം ഒരിക്കല് കൂടിയൊന്ന് ചോദിക്കട്ടെ, ഭൂമിയുടെ അവകാശികള് ആരാണ്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ