2011, നവംബർ 2, ബുധനാഴ്‌ച

കാലില്ലാകുടയുമായി വന്ന അയാള്

"കുഷ്ഠ രോഗികള് അണിഞ്ഞ വസ്ത്രം വൃത്തിയാക്കി ഉപയോഗിക്കാന് പാടില്ല, ഒരു ഉപയോഗത്തിന് ശേഷം കത്തിച്ചു കളയണം" 
ഒട്ടും വൃത്തിയില്ലാതെ, കയ്യില് മുഷിഞ്ഞ ഒരു കവറും അതില് കുറച്ച് വസ്ത്രങ്ങളുമായി എന്റെ വീട്ടില് വന്ന ഒരു സ്ത്രീ പകര്ന്നുതന്ന അറിവാണിത്. അവരുടെ കയ്യില് ഒരു കാര്ഡും ഉണ്ടായിരുന്നു. വന്ന പാടെ ആ കാര്ഡ് എനിക്ക് നേരെ നീട്ടി. അവര് കുഷ്ഠ രോഗികള്ക്കായുള്ള ഒരു സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്നും വേണ്ട സഹായങ്ങള് ചെയ്ത് കൊടുക്കണമെന്നും അതില് പറഞ്ഞിരുന്നു. കാര്ഡിന്റെ ചുവട്ടില് അവരുമായി ബന്ധപ്പെടാനുള്ള നന്പറുമുണ്ട്. ഞാന് നന്പര് കുറിച്ചെടുത്ത് പറഞ്ഞു: ''ഞാന് നേരില് ബന്ധപ്പെട്ട് വേണ്ടത് ചെയ്യാം..''

നിങ്ങള്ക്കറിയുമോ എന്നെനിക്കറിയില്ല, എന്താണെന്ന് വെച്ചാല്... ഞാനത്ര മാന്യനല്ല.
ഫോണ് നന്പറില് ബന്ധപ്പെട്ട് സഹായം ചെയ്യാന് മാത്രം ഒട്ടും മാന്യനുമല്ല. മാത്രമല്ല, സഹായം ചോദിച്ച് വീട്ടില് വരുന്നവര് മുഴുവന് കള്ളന്മാരാണെന്ന വിശ്വാസവും എനിക്കുണ്ട്. മകന് ക്യാന്സറാണ്, ഒറീസയില് വെള്ളപ്പൊക്കം വന്നു. ഭര്ത്താവ് മരത്തില് നിന്നു വീണു... യാചിച്ച് വരുന്നവര്ക്ക് കാരണങ്ങളുണ്ടാകും. ആ കാരണങ്ങള് മുഴുവന് കള്ളങ്ങളുമാണ് എന്നാണെന്റെ വിശ്വാസം. കുഷ്ഠ രോഗിയുകളുടെ പേര് പറഞ്ഞ് പഴയ വസ്ത്രങ്ങള് വന്നിരിക്കുന്ന ഈ സ്ത്രീ കള്ളിയാണെന്ന് നാല് വട്ടവും സത്യമാണ്. പഴയ കുപ്പായം അങ്ങാടിയില് കൊണ്ടുപോയി വിറ്റാല് 10 രൂപ കിട്ടും, പാന്റിന് 15ഉം. എന്തിനവ ഈ കള്ളിക്ക് നല്കണം?

എന്റെ നാട്ടില് നെല്ല് കുത്തുന്ന ഒരു മില്ലുണ്ട്. നെല്ല് കുത്തിക്കഴിഞ്ഞാല് ഉമിയോടൊപ്പം ധാരാളം അരി കൂടും. ഈ അരി ആരും ഉപയോഗിക്കാറില്ല. മില്ലുടമ ചിലപ്പോള് കത്തിച്ചു കളയും. അല്ലെങ്കില് ചിലര് താറാവിന് നല്കാന് കൊണ്ടു പോകും. എന്റെ ന്യായം ഇങ്ങനെയായിരുന്നു, യാചിച്ചു വരുന്നവര്ക്കെന്തുകൊണ്ട് ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന അരി, ഇല്ല്യാസാക്കയുടെ കടയില് നിന്നും ഉപേക്ഷിക്കുന്ന പാതി ചീഞ്ഞ പച്ചക്കറിയുടെ പാതി, ഇവയൊക്കെ ഉപയോഗപ്പെടുത്തിക്കൂട?
പക്ഷെ, കൂടുതല് മെച്ചപ്പെട്ട സൌകര്യങ്ങള്ക്ക് വേണ്ടി വൃത്തികെട്ട പ്രവൃത്തിയായ യാചന ചെയ്യുന്നു. അവരെ നാം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അത് തിന്മയില് തുടരാന് അവരെ പ്രചോദിപ്പിക്കുക മാത്രമെ ചെയ്യൂ..

ഇങ്ങനെ ചില സിദ്ധാന്തങ്ങളൊക്കെയുണ്ടാക്കി, യാചകന്മാരെ പറ്റിച്ച് ഞാന് സുഖമായി ജീവിക്കുകയായിരുന്നു. അപ്പോഴാണ് അയാള് വന്നത്.. കാലില്ലാത്തൊരു പോപ്പിക്കുടയുമായ്...

മന്ത്രി മരിച്ചതില് ദു:ഖമാചരിക്കാനാകണം, ഇന്നലെ പൊതു അവധിയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഞാന് ചുമ്മാ ഇരിക്കുന്പോഴാണ് കോളിംങ് ബെല്ല് വിളിച്ചത്. വാതില് തുറന്ന് നോക്കിയപ്പോള് നമ്മുടെ കഥാപാത്രം. കയ്യിലെ കാലില്ലാകുട തിണ്ണയില് വെച്ചിട്ടുണ്ട്. കണങ്കാലോളം മാത്രം താഴ്ചയുള്ള തുണിയും തലയില് കെട്ടിയ ഓയല്മുണ്ടും പരുപരുത്ത കമ്മീസും, പണ്ട് കബറ്കുത്താന് വന്നിരുന്ന മൊല്ലാക്കയുടെ രൂപം നല്കിയിട്ടുണ്ട്. എന്നെക്കണ്ടതും അയാള് പ്രത്യേക രീതിയില് വിളിച്ചു: "മാന്വോ..."

അയാള് തന്റെ കഥ പറഞ്ഞു:
സ്വര്ണ്ണക്കടയില് നിന്നും സ്വര്ണ്ണം കടം വാങ്ങി അയാള് തന്റെ മകളെ കെട്ടിച്ചത്രെ. ഇപ്പോഴും സ്വര്ണ്ണത്തിന്റെ പണം നല്കിക്കഴിഞ്ഞിട്ടില്ല. അയാള് പറഞ്ഞു: "ഞാനിപ്പോ മണ്ടക്കേറൊണ്ടോനെപ്പോലായ്ക്ക്ണ്..." കാരണം, എന്നുകില് പണം മടക്കിത്തരണം, അല്ലെങ്കില് സ്വര്ണ്ണം മടക്കിത്തരണം എന്ന് ജ്വല്ലറിക്കാര് കട്ടായം പറഞ്ഞു. ഇനി മറ്റൊരു മാര്ഗ്ഗവുമില്ല, യാചന മാത്രം... അയാള് യാചിക്കാനിറങ്ങിയതാണ്. യാചന - ഞാന് കണ്ണും പൂട്ടി വിധിച്ചു, തട്ടിപ്പ് തന്നെ!

പക്ഷെ, അതാണെന്റെ ഇപ്പോഴത്തെ പ്രശ്നം. മകളെ കെട്ടിച്ച് സ്വന്തം കഴുത്തിലൊരു കെട്ട് വീണ് പോയൊരു ഹതഭാഗ്യനാണോ അയാള്. ആണെങ്കില് അയാളെ സഹായിക്കാത്ത ഞാന് ഒരു കുറ്റവാളിയല്ലെ?

അയളെക്കണ്ടാലൊരിക്കലും നുണ പറയുന്നവനാണെന്ന തോന്നില്ല. കുറ്റിരോമങ്ങള് നിറഞ്ഞ മുഖത്ത് നിഷ്കളങ്കത നിറഞ്ഞ് നില്ക്കുന്നുണ്ട്. അയളുടെ കഥ കേട്ട് ആറ് രൂപയെടുത്തപ്പോള് അയാള് ചെറിയൊരു ചിരിയോടെ ചോദിച്ചു: "തേ ഉള്ളൂ.. പത്ത് കൂടി തെകയൂലെ?"
ഞാന് വെറുതെ ചിരിച്ചു. അയാള് വീണ്ടും പറഞ്ഞു: "കെതി കെട്ടതോണ്ട, ഇഞ്ഞ് ഞാന് ഈ വഴിക്ക് വരൂല"

അപ്പോഴാണ് ഞാന് പതിവ് തന്ത്രമെടുത്തത്: "നിങ്ങള് നന്പറ് തന്നാല് ഞാന് വിളിക്കാം, വേണ്ടത് ചെയ്യാലോ, ഒന്നുകൂടി.."

അയാള് ഇപ്പോഴും എന്റെ മനസ്സില് അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ആ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു: "ആട്ടിക്കൊണ്ടോകുന്പോള് പിണ്ണാക്ക് കൊടുക്കാത്തോന് പെരേല് ചെന്നാല് എണ്ണ കൊടുക്കോ? ഞാന് പോണെങ്കില് പോകാം" തിണ്ണയില് വെച്ച കുടയുമെടുത്ത് ചിരിയോടെ തന്നെ അയാള് പോയി. വിളറിച്ച ചിരിയുമായി ചിരിയുമായി ഞാന് വരാന്തയില് ബാക്കിയായി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ